കൊൽക്കത്താ ലീഗിൽ ഉജ്ജ്വല പ്രകടനം കാഴ്ചവെച്ച് കോഴിക്കോടിന്റെ യുവതാരം അമൻ
ലീഗിൽ ഇതുവരെയായി അഞ്ചു ഗോളടിച്ച പയന്പ്ര സ്വദേശിയായ സി.കെ. അമൻ കൊൽക്കത്ത ക്ലബ്ബിനെ കിടീടമണിയിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ

കോഴിക്കോട്:കൊൽക്കത്ത ഫുട്ബോൾ ലീഗിൽ കിരീടം തിരിച്ചുപിടിക്കാൻ ഈസ്റ്റ് ബംഗാളിന് പ്രതീക്ഷയായി കോഴിക്കോടിന്റെ യുവതാരം അമൻ. ലീഗിൽ ഇതുവരെയായി അഞ്ചു ഗോളടിച്ച പയന്പ്ര സ്വദേശിയായ സി.കെ. അമൻ കൊൽക്കത്ത ക്ലബ്ബിനെ കിടീടമണിയിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. രണ്ട് കളികളിൽ മാൻ ഓഫ് ദി മാച്ച് പുരസ്കാരം നേടിയ താരമാണ് അമൻ.
ഇരുപതുകാരനായ അമൻ മാർച്ചിലാണ് കൊൽക്കത്ത ക്ലബ്ബുമായി മൂന്നുവർഷത്തെ കരാറിലെത്തിയത്. കൊൽക്കത്ത ലീഗിൽ ഈസ്റ്റ്ബംഗാൾ 2017-ലാണ് അവസാനമായി ചാമ്പ്യൻമാരായത്. ഇത്തവണ പത്തുകളികൾ പിന്നിട്ടപ്പോൾ 24 പോയന്റുമായി ഗ്രൂപ്പിൽ ക്ലബ്ബ് മുന്നിലാണ്. ടീമിന്റെ ടോപ് സ്കോരററാണ് അമൻ.
ടീമിൻ്റെ പരിശീലകൻ ബിനൊ ജോർജാണ് താരത്തെ ക്ലബ്ബിലെത്തിക്കാൻ മുൻകൈയെടുത്തത്. ഏറെ പ്രതീക്ഷ പകരുന്ന പ്രകടനമാണ് വിങ്ങറായ അമനിന്റേതെന്ന് ബിനൊ പറഞ്ഞു. ഈസ്റ്റ് ബംഗാളിന്റെ റിസർവ് ടീമാണ് കൊൽക്കത്താ ലീഗിൽ കളിക്കുന്നത്. ഇത്തവണത്തെ മികച്ച പ്രകടനത്തിന്റെ ബലത്തിൽ ഫസ്റ്റ് ടീമിൽ അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ്.
കേരളാ പോലീസിന്റെയും എഫ്.സി. കൊച്ചിയുടെയും താരമായിരുന്ന സി.കെ. സലാഹുദ്ദീന്റെ മകനാണ് അമൻ. കൊൽക്കത്തയിൽ മിന്നിത്തിളങ്ങിയ ഐ.എം. വിജയന്റെയും ജോ പോൾ അഞ്ചേരിയുടെയും സഹതാരമായിരുന്ന പിതാവ്.സി.കെ. ജസീലമാണ് അമനിന്റെ മാതാവ്. നിഫ്ലിൻ, മാസിൻ, മുഹമ്മദ് സല എന്നിവർ സഹോദരങ്ങളാണ്.