വിജയമില്ലാതെ ബ്ലാസ്‌റ്റേഴ്‌സ്; അവസാന നിമിഷം വരെ പോരാടിയിട്ടും സമനില പോലുമില്ല
പൊരുത്തിക്കളിച്ച കേരളം ഡാനിഷ് ഫാറൂഖിയിലൂടെ ഏക ഗോള്‍ കണ്ടെത്തി

കൊൽക്കത്ത: കൊച്ചിയിലെ സ്‌റ്റേഡിയത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനോട് ഗോള്‍രഹിത സമനില വഴങ്ങിയതിന് ശേഷം കൊല്‍ക്കത്തയില്‍ നടന്ന ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ എവേ മാച്ചില്‍ ഈസ്റ്റ് ബംഗാള്‍ എഫ്‌സിയോട് 2-1ന് പരാജയപ്പെട്ട് കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരെ വീണ്ടും നിരാശപ്പെടുത്തി. പ്രസിദ്ധമായ സാള്‍ട്ട്ലേക്ക് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ മലയാളി താരങ്ങളായ വിഷ്ണുവും ഹിജാസിയും നേടിയ ഗോളുകളാണ് കേരളത്തിന്റെ വിജയസ്വപ്‌നങ്ങള്‍ തല്ലിക്കെടുത്തിയത്. അവാസന നിമിഷങ്ങളില്‍ പൊരുത്തിക്കളിച്ച കേരളം ഡാനിഷ് ഫാറൂഖിയിലൂടെ ഏക ഗോള്‍ കണ്ടെത്തി ബംഗാളിന്റെ ക്ലീന്‍ ഷീറ്റ് ഇല്ലാതാക്കിയത് മാത്രമാണ് കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ഏകനേട്ടം. ബ്ലാസ്‌റ്റേഴ്‌സുമായി കൊച്ചിയില്‍ നടന്ന മത്സരത്തിലേറ്റ പരാജയത്തിന് അതേ സ്‌കോറില്‍ മറുപടി നല്‍കാനായി ഈസ്റ്റ് ബംഗാളിന്.
മത്സരത്തിന്റെ തുടക്കം മുതല്‍ക്കെ ബംഗാള്‍ ആണ് കളിക്കളത്തില്‍ മികവ് പുലര്‍ത്തിയത്. ഇതിനുള്ള ഫലം വൈകാതെ ലഭിച്ചു. ഇരുപതാം മിനിറ്റില്‍ മലയാളി താരം വിഷ്ണുവിലൂടെ ഈസ്റ്റ് ബംഗാള്‍ ആദ്യ ഗോള്‍ നേടി. ഭേദപ്പെട്ട പ്രതിരോധ നിരയുമായി എത്തിയ ബംഗാള്‍ കളിയുടെ മുഴുവന്‍ സമയവും കേരളത്തിന്റെ മുന്നേറ്റങ്ങളെ ഫലപ്രദമായി ചെറുക്കുകയായിരുന്നു. രണ്ടാം പകുതിയിലാണ് ബംഗാള്‍ തങ്ങളുടെ ലീഡ് ഉയര്‍ത്തുന്നത്. 72-ാം മിനിറ്റില്‍ ഹിജാസിയുടെ ഹെഡര്‍ ബ്ലാസ്റ്റേഴ്സ് വലയിലേക്ക് തുളഞ്ഞുകയറി. 84-ാം മിനിറ്റിലായിരുന്നു കേരളത്തിന്റെ ഗോള്‍. ഡാനിഷിലൂടെ ഒരു ഗോള്‍ നേടാന്‍ ബ്ലാസ്റ്റേഴ്സിന് ആയെങ്കിലും സമനില ഗോള്‍ സ്വന്തമാക്കാന്‍ സന്ദര്‍ശകര്‍ക്കായില്ല.