ഒടുവിൽ മോഹകപ്പില്‍ മുത്തമിട്ട് ആർസിബി
ഐപിഎൽ കിരീടപ്പോരിൽ പഞ്ചാബിനെ വീഴ്ത്തിയത് 6 റൺസിന്

അഹമ്മദാബാദ്: റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന്‍റെയും വിരാട് കോലിയുടെയും 18 വര്‍ഷം നീണ്ട കാത്തിരിപ്പ് അവസാനിച്ചു. പതിനെട്ടാം ഐപിഎല്ലില്‍ ആര്‍സിബി ആ ഐപിഎല്‍ കിരീടമെന്ന മോഹകപ്പില്‍ മുത്തമിട്ടു. ഫൈനലില്‍ ശ്രേയസ് അയ്യരുടെ പഞ്ചാബ് കിംഗ്സിനെ 6 റണ്‍സിന് തകര്‍ത്താണ് ആര്‍സിബി ആദ്യ ഐപിഎല്‍ കിരിടം കൈയെത്തിപ്പിടിച്ചത്. കിരീടപ്പോരില്‍ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ആര്‍സിബി 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 190 റണ്‍സടിച്ചപ്പോള്‍ പഞ്ചാബിന് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 184 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു.
30 പന്തില്‍ പുറത്താവാതെ 61 റണ്‍സെടുത്ത ശശാങ്ക് സിംഗിന്‍റെ പോരാട്ടമാണ് പഞ്ചാബിന്‍റെ തോല്‍വിഭാരം കുറച്ചത്. ജോഷ് ഹേസല്‍വുഡ് എറിഞ്ഞ അവസാന ഓവറില്‍ 29 റണ്‍സായിരുന്നു പഞ്ചാബിന് ജയിക്കാന്‍ വേണ്ടിയിരുന്നത്. ജോഷ് ഹേസല്‍വുഡിന്‍റെ ആദ്യ രണ്ട് പന്തിലും റണ്ണെടുക്കാതിരുന്ന ശശാങ്ക് അവസാന നാലു പന്തിൽ മൂന്ന് സിക്സും ഒരു ഫോറും പറത്തിയെങ്കിലും ആറ് റണ്‍സകലെ പഞ്ചാബ് കിരീടം കൈവിട്ടു.