പാകിസ്താനെതിരെ ഇന്ത്യ കളിക്കും; വ്യക്തത വരുത്തി ബിസിസിഐ
കേന്ദ്ര സർക്കാർ പുറത്തിറക്കുന്ന ഏത് നിയമവും അംഗീകരിക്കാൻ ബിസിസിഐ ബാദ്ധ്യസ്ഥരാണ്.

ഡൽഹി :ഈ മാസം ഒൻപതാം തിയതി മുതൽ ആരംഭിക്കുന്ന ഏഷ്യ കപ്പിനായി ഇന്ത്യൻ താരങ്ങൾ പരിശീലനം ആരംഭിച്ചു. ഇന്ത്യയുടെ ആദ്യ മത്സരം യുഎഇ ആയിട്ടാണ്. നിലവിലെ ടീമുകളിൽ ഏറ്റവും മികച്ച ടീം ഇന്ത്യ തന്നെയാണെന്നാണ് പല മുൻ താരങ്ങളുടെയും അഭിപ്രായം. എന്നാൽ ഇത്തവണ രോഹിത് ശർമ്മ വിരാട് കോഹ്ലി എന്നിവരുടെ അഭാവത്തിൽ ഇന്ത്യൻ ടീം കപ്പ് ജേതാക്കളാകുമോ എന്നാണ് ആരാധകരുടെ ആശങ്ക.
ഇത്തവണത്തെ ഏഷ്യ കപ്പിൽ ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്നത് ഇന്ത്യ പാക്കിസ്ഥാൻ മത്സരം കാണാനാണ്. എന്നാൽ മത്സരം നടക്കില്ലെന്ന് പല അഭ്യൂഹങ്ങളും പരന്നിരുന്നു. ഏപ്രിൽ 22-ന് ജമ്മു കശ്മീരിലെ പഹൽഗാമിൽ പാക് ഭീകരവാദികൾ നടത്തിയ ആക്രമണത്തിന് പിന്നാലെയാണ് കായിക മേഖലയിൽ ഇന്ത്യ പാകിസ്താൻ മത്സരങ്ങൾക്കെ തിരെ കടുത്ത വിമർശനം ഉയർത്തിയത്. ഇതോടെയാണ് ഏഷ്യാ കപ്പിൽ ഇന്ത്യ പാകിസ്താനെ നേരിടുന്നതിൽ വ്യക്തത വരുത്തി ബിസിസിഐ രംഗത്തെത്തിയത്.
കേന്ദ്ര സർക്കാർ പുറത്തിറക്കുന്ന ഏത് നിയമവും അംഗീകരിക്കാൻ ബിസിസിഐ ബാദ്ധ്യസ്ഥരാണ്. ഐസിസിടെയോ എഷ്യൻ ക്രിക്കറ്റിന്റെയോ പരമ്പരകളിൽ പാകിസ്താനെതിരെ ഇന്ത്യ കളിക്കുന്നതിൽ കേന്ദ്ര സർക്കാർ നിയന്ത്രണമില്ല. വിവിധ രാജ്യങ്ങൾ പങ്കെടുക്കുന്ന ടൂർണമെന്റിൽ ഇന്ത്യ എല്ലാ മത്സരങ്ങളും കളിക്കേണ്ടതുണ്ട്. എന്നാൽ പാകിസ്താനുമായി ക്രിക്കറ്റ് പരമ്പരകൾ ഇന്ത്യ കളിക്കില്ല.’ എഎൻഐക്ക് നൽകിയ പ്രതികരണത്തിൽ ബിസിസിഐ സെക്രട്ടറി ദേവജിത് സൈക്കിയ പ്രതികരിച്ചു.
അതേസമയം 'ഏഷ്യൻ ഭൂഖണ്ഡത്തിലെ വിവിധ രാജ്യങ്ങൾ പങ്കെടുക്കുന്ന ടൂർണമെന്റാണ് ഏഷ്യാ കപ്പ്. ഇത്തരം ടൂർണമെന്റു കളിൽ ഇന്ത്യയുമായി നല്ല ബന്ധത്തിലല്ലാത്ത ഒരു രാജ്യം ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ പോലും നമ്മൾ കളിക്കാൻ ബാധ്യസ്ഥരാണ്.’ എന്നും സൈക്കിയ വ്യക്തമാക്കി.