കേരള സ്കൂൾ ഒളിമ്പിക്സ് ; 67-ാമത് സംസ്ഥാന സ്‌കൂൾ കായികമേളക്ക് ചൊവ്വാഴ്‌ച തുടക്കമാകും
12 വേദികളിൽ 39 ഇനങ്ങളിലായി 20,000 കുട്ടികൾ പങ്കെടുക്കുന്ന കായികമേള നാളെ മുതൽ 28വരെയാകും നടക്കുക

തിരുവനന്തപുരം: ഒളിമ്പിക്‌സ് മാതൃകയിൽ സംഘടിപ്പിക്കുന്ന സംസ്ഥാന സ്‌കൂൾ കായികമേളക്ക് ചൊവ്വാഴ്‌ച തുടക്കമാകും. തിരുവനന്തപുരത്ത് 12 വേദികളിൽ 39 ഇനങ്ങളിലായി 20,000 കുട്ടികൾ പങ്കെടുക്കുന്ന കായികമേള നാളെ മുതൽ 28വരെയാകും നടക്കുക.
സെൻട്രൽ സ്‌റ്റേഡിയത്തിൽ നാളെ വൈകീട്ട് നാല് മണിക്കാണ് ഉദ്ഘാടനം. അത്ലീറ്റുകളുടെ മാർച്ച്പാസ്റ്റുണ്ടാകും. ഭിന്നശേഷി കുട്ടികൾ ഉൾപ്പെടെ 4200 പേർ പങ്കെടുക്കും. എസ്‌പിസി, എൻസിസി ബാൻഡ്, മാസ് ഡ്രിൽ എന്നിവയുടെ അകമ്പടിയുമുണ്ടാകും. 22 മുതലാണ് മത്സരങ്ങൾ ആരംഭിക്കുക. ആദ്യദിനത്തിൽ ഇൻക്ലൂസീവ് സ്പോർട്‌സ് പൂർത്തിയാക്കും. ഗെയിംസ് മത്സരങ്ങളും ആരംഭിക്കും.
ഭിന്നശേഷി വിഭാഗത്തിൽ ഇത്തവണ രണ്ട് പുതിയ മത്സരയിനങ്ങളുണ്ട്. ക്രിക്കറ്റ് (ആൺകുട്ടികൾ), ബോക്സ് ബോൾ (പെൺകുട്ടികൾ) എന്നിവയാണ് ഉൾപ്പെടുത്തിയത്. സെൻട്രൽ സ്റ്റേഡിയമാണ് പ്രധാന വേദി.
നഗരം കേന്ദ്രീകരിച്ചുള്ള വേദികളിലെ കുട്ടികൾക്ക് ഭക്ഷണത്തിനായി തൈക്കാട് പൊലീസ് മൈതാനത്തിൽ ഭക്ഷണശാല ഒരുങ്ങും. ജി വി രാജാ സ്‌കൂൾ, പിരപ്പൻകോട്, തുമ്പ സെന്റ് സേവിയേഴ്‌സ്, കാലടി തുടങ്ങി നാല് സ്ഥലങ്ങളിൽക്കൂടി ഭക്ഷണശാലകൾ പ്രവർത്തിപ്പിക്കും. മെഡൽകൂടാതെ, കുട്ടികൾക്ക് നൽകിവരുന്ന ക്യാഷ് അവാർഡ് ഇത്തവണയുമുണ്ട്. അത്ലറ്റികിനും നീന്തലിനും യഥാക്രമം 2000 രൂപ, 1500 രൂപ, 1250 രൂപ എന്നിങ്ങനെയാണ്.