കോട്ടൂരിൽ ടി. പി. രവീന്ദ്രൻ സ്മാരക കളിസ്ഥലം നാടിന് സമർപ്പിച്ചു
കോട്ടൂർ ഗ്രാമ പഞ്ചായത്ത് രണ്ടാം വാർഡ് കോൺഗ്രസ് കമ്മിറ്റിയാണ് കളിസ്ഥലം നിർമിച്ചത്
കൂട്ടാലിട: കോട്ടൂർ ഗ്രാമ പഞ്ചായത്ത് രണ്ടാം വാർഡിൽ വാർഡ് കോൺഗ്രസ് കമ്മിറ്റി നിർമിച്ച കളിസ്ഥലത്തിൻ്റെ ഉദ്ഘാടനം ഡി.സി.സി പ്രസിഡൻ്റ് അഡ്വ: കെ. പ്രവീൺ കുമാർ ഉദ്ഘാടനം ചെയ്തു. വാർഡ് മെംബർ ടി. പി. ഉഷ അധ്യക്ഷത വഹിച്ചു.
ഇന്ത്യൻ വനിതാ വോളിബാൾ മുൻ ക്യാപ്റ്റൻ എസ്. രേഖ മുഖ്യാതിഥിയായി. നരയംകുളം ഗ്രാമീണ വായനശാല സെക്രട്ടറി എ. കെ. കണാരൻ, ഡി.സി.സി സെക്രട്ടറി സി. എച്ച്. സുരേന്ദ്രൻ, കോച്ച് എൻ. പി. സുരേഷ്, ആയാട്ട് രജനി, എൻ. എസ്. ഷീന, ടി. പി. ബാലറാം, ജി. ജിതേഷ് കുമാർ എന്നിവർ സംസാരിച്ചു. ഉദ്ഘാടനത്തിനു ശേഷം നടന്ന സൗഹൃദ വോളിബാൾ മത്സരത്തിൽ ബ്രദേഴ്സ് മൂലാട് ജൂനിയർ ടീം, ജിജോ കോട്ടൂർ ജൂനിയർ ടീമിനെ ഒന്നിനെതിരെ രണ്ട് സെറ്റുകൾക്ക് പരാജയപ്പെടുത്തി. വിജയികൾക്കും റണ്ണേഴ്സ് അപ്പിനും എ. കെ. ബാലകൃഷ്ണൻ സ്മാരക കാഷ് പ്രൈസും തണ്ടപ്പുറം അർച്ചന വസ്ത്രാലയം ഏർപ്പെടുത്തിയ ട്രോഫിയും നൽകി.

