കളം നിറഞ്ഞു കളിച്ചിട്ടും സന്തോഷ് ട്രോഫി ഫൈനലിൽ കേരളത്തിന് തോൽവി
തുടർച്ചയായ രണ്ടാംവട്ടമാണ് കേരളം സന്തോഷ് ട്രോഫി ഫൈനലിൽ തോൽക്കുന്നത്
ധാക്കുവാഖാന: കളംനിറഞ്ഞു കളിച്ചിട്ടും സന്തോഷ് ട്രോഫി ഫൈനലിൽ കേരളത്തിന് തോൽവി (0-1). എക്സ്ട്രാ ടൈമിൽ നേടിയ ഒരു ഗോളിന്റെ ബലത്തിൽ സർവീസസ് കിരീടമണിഞ്ഞു. 109-ാം മിനിറ്റിൽ അഭിഷേക് പവാർ നേടിയ ഗോളാണ് മത്സരത്തിന്റെ വിധിയെഴുതിയത്. കലാശപ്പോരിൽ പട്ടാളക്കരുത്തരെ വീഴ്ത്താനുള്ള യുദ്ധതന്ത്രങ്ങളുമായി ഇറങ്ങിയ കേരളത്തിന് ഒടുവിൽ എക്സ‌്ട്രാ ടൈമിൽ പിഴയ്ക്കുകയായിരുന്നു. സർവീസിന്റെ എട്ടാം കിരീടമാണിത്. 2024-ൽ കിരീടം നേടുകയും കഴിഞ്ഞവർഷം സെമിയിൽ കടക്കുകയും ചെയ്‌ത സർവീസ് ഇത്തവണയും മികവ് തുടർന്നു.
തുടർച്ചയായ രണ്ടാംവട്ടമാണ് കേരളം സന്തോഷ് ട്രോഫി ഫൈനലിൽ തോൽക്കുന്നത്. കഴിഞ്ഞ വർഷം ഹൈദരാബാദിൽ ഫൈനൽ കളിച്ച കേരളത്തെ ഇഞ്ചുറി ടൈമിലെ ഗോളിൽ ബംഗാൾ വീഴ്ത്തിയത്. ക്വാർട്ടറിലും സെമിയിലും പുറത്തെടുത്ത ആക്രമണവീര്യം അതേപോലെ തുടർന്ന കേരളത്തിനു തന്നെയായിരുന്നു മത്സരത്തിൽ ആധിപത്യം. പക്ഷേ ലഭിച്ച മികച്ച അവസരങ്ങൾ മുതലാക്കാൻ സാധിക്കാതെ പോയത് അവർക്ക് തിരിച്ചടിയായി.

