headerlogo
sports

ശ്രീരാം വെങ്കിട്ടരാമൻ ഐ എ എസിൽ നിന്നും സമ്മാനം വാങ്ങാൻ നിരസിച്ച് രക്ഷിതാവ്

മാധ്യമപ്രവർത്തകൻ കെ എം ബഷീർ വാഹനമിടിച്ച് മരിച്ച കേസിൽ പ്രതിയായ ശ്രീരാം വെങ്കിട്ടരാമൻ ഐ എ എസിൽ നിന്നും സമ്മാനം വാങ്ങുന്നത് തടഞ്ഞുകൊണ്ട് രക്ഷിതാവിന്റെ പ്രതിഷേധം

 ശ്രീരാം വെങ്കിട്ടരാമൻ ഐ എ എസിൽ നിന്നും സമ്മാനം വാങ്ങാൻ നിരസിച്ച് രക്ഷിതാവ്
avatar image

NDR news

30 Aug 2026 09:25 PM

കോഴിക്കോട്: മാധ്യമപ്രവർത്തകൻ കെ.എം ബഷീർ വാഹനമിടിച്ച് മരിച്ച കേസിലെ പ്രതിയായ ശ്രീരാം വെങ്കിട്ടരാമനിൽ നിന്ന് മകൾക്ക് സമ്മാനം വാങ്ങാൻ വിസമ്മതിച്ച് രക്ഷിതാവ്. കോഴിക്കോട് നടന്ന കുട്ടികളുടെ നീന്തൽ മത്സരത്തിന്റെ സമ്മാനദാനച്ചടങ്ങിനിടെയാണ് നാടകീയമായ രംഗങ്ങൾ അരങ്ങേറിയത്. ശ്രീരാം വെങ്കിട്ടരാമൻ സമ്മാനം നൽകുന്നതിനെതിരെ രക്ഷിതാവ് പരസ്യമായി പ്രതിഷേധിച്ചതോടെ, ഒടുവിൽ കോഴിക്കോട് അസിസ്റ്റൻ്റ് കലക്ടർ കുട്ടിക്ക് സമ്മാനം കൈമാറി.

       കോഴിക്കോട് ചെറൂട്ടി റോഡിലെ സ്വിമ്മിങ് പൂൾ ഉൾപ്പെടുന്ന സ്പോർട്സ് കോംപ്ലക്സിലാണ് സംഭവം നടന്നത്. കുട്ടികളുടെ നീന്തൽ മത്സരത്തിന് പുറമെ 'ട്രയാത്‌ലോൺ' എന്ന മറ്റൊരു പരിപാടിയും അവിടെ നടന്നിരുന്നു. സൈക്ലിങ്, നീന്തൽ, ഓട്ടം എന്നിവ ഉൾപ്പെടുന്ന ഈ ട്രയാത്‌ലോണിൽ ഒരു മത്സരാർത്ഥിയായി പങ്കെടുക്കാനാണ് ശ്രീരാം വെങ്കിട്ടരാമൻ അവിടെ എത്തിയത്. തുടർന്ന്, കുട്ടികളുടെ മത്സരവിജയികൾക്ക് സമ്മാനം വിതരണം ചെയ്യാൻ സംഘാടകർ അദ്ദേഹത്തോട് ആവശ്യപ്പെടുകയായിരുന്നു.

      സമ്മാനം നൽകാനായി അദ്ദേഹം എത്തിയപ്പോഴാണ് ഒരു കുട്ടിയുടെ രക്ഷിതാവ് ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയത്. 'എന്റെ മോൾക്ക് കൊലയാളി സമ്മാനം കൊടുക്കേണ്ട, കൊലയാളിയിൽ നിന്ന് സമ്മാനം വേണ്ട' എന്ന് രക്ഷിതാവ് വിളിച്ച് പറയുകയായിരുന്നു. രക്ഷിതാവ് തൻ്റെ നിലപാടിൽ ഉറച്ചുനിന്നതോടെ സംഘാടകർ പ്രതിസന്ധിയിലായി. തുടർന്ന്, അവിടെയുണ്ടായിരുന്ന അസിസ്റ്റന്റ് കലക്ടറെക്കൊണ്ട് കുട്ടിക്ക് സമ്മാനം നൽകി പ്രശ്നം പരിഹരിക്കുകയായിരുന്നു.

NDR news
30 Aug 2026 09:25 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents