ജില്ലാ സ്കൂൾ കായികമേള ലോഗോ രൂപകൽപ്പന ചെയ്ത പി. സതീഷ് കുമാറിനെ ആദരിച്ചു
പാലോറ ഹയർസെക്കൻഡറി സ്കൂളിലെ ചിത്രകല അധ്യാപകനായ പി സതീഷ് കുമാറിനെ കായിക മേളയുടെ ഉദ്ഘാടന ചടങ്ങിൽ ആദരിച്ചു
കോഴിക്കോട് :റവന്യൂ ജില്ലാസ്കൂൾകായികമേളയുടെ ലോഗോ രൂപകൽപ്പനയിൽ വിജയിച്ച പാലോറ ഹയർ സെക്കൻഡറി സ്കൂൾ ചിത്രകലാ അധ്യാപകൻ പി. സതീഷ് കുമാറിനെ സംഘാടക സമിതി ആദരിച്ചു.ജില്ലാ സ്കൂൾ കായിക മേളയുടെ ഉദ്ഘാടന ചടങ്ങിൽ കോഴിക്കോട് കോർപ്പറേഷൻ മേയർ ഒ. സദാശിവൻ മെമൻ്റോ നല്കിയാണ് ആദരിച്ചത്.
. ആശയങ്ങളെ ലളിതവും ആകർഷകവുമായ ദൃശ്യരൂപത്തിൽ അവതരിപ്പിക്കാനുള്ള മികവാണ് പി. സതീഷ്കുമാറിനെ നേട്ടത്തിലേക്ക് നയിച്ചത്. ആയിരത്തിലധികം ലോഗോകൾ രൂപകൽപ്പന ചെയ്തിട്ടുള്ള സതീഷ് കുമാർ, ജില്ലാ-സംസ്ഥാന സ്കൂൾ കലോത്സവങ്ങൾ, കായികമേളകൾ, ശാസ്ത്രോത്സവങ്ങൾ എന്നിവയുടെ ലോഗോ മത്സരങ്ങളിൽ നിരവധി തവണ വിജയിയായിട്ടുണ്ട്. 2004 മുതൽ കോഴിക്കോട് ജില്ലയിൽ കലാ വിദ്യാഭ്യാസത്തിനായുള്ള ജില്ലാ റിസോഴ്സ് പേഴ്സണായി പ്രവർത്തിച്ചുവരുന്നു. കഴിഞ്ഞ എട്ടുവർഷത്തിനിടെ കേരളത്തിലുടനീളം 125 ഓളം പൊതുചിത്രകലാ പ്രദർശനങ്ങളും നടത്തിയിട്ടുണ്ട്. കലാ-വിദ്യാഭ്യാസ രംഗങ്ങളിലെ സജീവ ഇടപെടലുകൾക്കൊപ്പം ലോഗോ രൂപകൽപ്പനയിൽ പുലർത്തുന്ന സർഗാത്മക മികവിന്റെ അംഗീകാരം കൂടിയാണ് ഈ നേട്ടം

