ഭിന്നശേഷി സൗഹൃദമെന്നത് കാഴ്ചപ്പാടും, ജീവിതചര്യയുമാണെന്ന് പൊതു സമൂഹത്തിനു കൂടി ബോധ്യം വരണം
കടുത്ത മാനസിക വ്യഥകളിലൂടെ കടന്നുപോകുന്ന അത്തരം കുടുംബങ്ങളിൽ, ഈ ലോകം, ഈ നാട് ജീവിത യോഗ്യമാണ് എന്ന ആത്മവിശ്വാസമുണർത്താൻ കഴിയണം.
ഭിന്നശേഷിയുള്ള ഒരു കുട്ടിയുള്ളതുകൊണ്ടു മാത്രം കുടുംബം കൂട്ട ആത്മഹത്യ ചെയ്യുക ; അടുത്ത കാലത്ത് കൂടുതലായി കേൾക്കുന്ന വാർത്തയാണിത്. (അതിലൊന്ന് തീർച്ചയായും കൊലപാതകമായിരിക്കും)
നിരവധി സംഭവങ്ങൾ ഉദാഹരിക്കാനുണ്ട് , കോഴിക്കോട്ടും തിരുവനന്തപുരത്തും അങ്ങനെ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിൽ .
എന്തുകൊണ്ടാവാം ജീവിച്ചു കാണിക്കാം എന്നതിനപ്പുറം, മരണമാണ് ഉചിതമെന്ന് അവർ തീരുമാനിക്കുന്നത് ?
എപ്പോഴെങ്കിലും നേരിട്ട അപമാനം, കളിയാക്കൽ ?
തങ്ങളുടെ കുട്ടി എങ്ങനെ ജീവിച്ചു പോകും എന്ന വേവലാതി?
തങ്ങളുടെ കാലശേഷം അവന്റെ/അവളുടെ ഭാവിയെക്കുറിച്ചുള്ള ആശങ്ക?
വീട്ടിനുള്ളിൽത്തന്നെയുള്ള അരക്ഷിതാവസ്ഥ ?
സമൂഹത്തിന്റെ കാഴ്ചപ്പാട് ?
ആവശ്യമായ പിന്തുണ കിട്ടായ്ക ?
ചികിത്സാ സൗകര്യങ്ങൾ ഒരുക്കിക്കൊടുക്കാൻ കഴിയാത്ത സാമ്പത്തീകാവസ്ഥ?
ഇതിലേതെങ്കിലുമോ, ഇതിലേറെയുമോ കാരണങ്ങൾ കാണാം. സാമൂഹ്യ ശാസ്ത്രജ്ഞരും ഭരണാധികാരികളും അത് ഉചിതമായി കൈകാര്യം ചെയ്യുമെന്ന് പ്രതീക്ഷിക്കാം.
അതോടൊപ്പം ഭിന്നശേഷിക്കാരായ മക്കളോടൊപ്പം, എല്ലാ അസൗകര്യങ്ങളേയും സൗകര്യങ്ങളാക്കി സന്തോഷത്തോടെ ജീവിക്കുന്ന എത്രയോ കുടുംബങ്ങളുണ്ട് !
ജീവിക്കാം , ജീവനു കരുതലായ് കൂടെ നിൽക്കാം എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നവർ. അവരെ നമിക്കേണ്ടതുണ്ട്.
കാരണം തെരഞ്ഞെടുക്കാനൊരു എളുപ്പവഴി മുന്നിൽ തെളിയുമ്പോഴും കഠിന സത്യങ്ങളെ അഭിമുഖീകരിക്കാൻ തീരുമാനിച്ചവരാണവർ. കഠിനവ്യഥകളിലൂടെ കടന്നുപോകുന്നവരാണ്.
പൂർണ്ണമായും പരസ്സഹായം ആവശ്യമായ ആളുകളുടെ കാര്യത്തിൽ, അവരുടെ കുടുംബത്തിന്റെ സാഹചര്യങ്ങൾ വിലയിരുത്തുന്ന കാര്യത്തിൽ, സമൂഹവും സർക്കാരും ഇനിയും ഉണരേണ്ടതുണ്ട്.
കിടപ്പിലായ കുട്ടികൾ തന്നെ സംസ്ഥാനത്ത് പതിനഞ്ചായിരത്തോളം വരും. ഓരോ ജില്ലയിലും ഏകദേശം ആയിരത്തിനു പുറത്ത് . മുതിർന്നവർ അതിലുമെത്രയോ ഉണ്ടാകാം.
അവരുടെ ജീവിത സാഹചര്യങ്ങൾ മെച്ചപ്പെടുത്താൻ സുസ്ഥിര നടപടികളാണുണ്ടാവേണ്ടത്. സർക്കാർ നേരിട്ടും, ഏജൻസികൾ വഴിയും നടപ്പാക്കുന്നില്ല , എന്നല്ല. അത് അർത്ഥപൂർണ്ണമായി എല്ലാവരിലേക്കും എത്തുന്നില്ല എന്നാണ്. ചില ഗ്രാൻറുകൾകൊണ്ടോ, ചില മെഡിക്കൽ സഹായങ്ങൾ കൊണ്ടോ പരിഹരിക്കാൻ കഴിയുന്നതല്ല ഈ പ്രശ്നം.
ഭിന്നശേഷിക്കാരെ മാത്രം പരിഗണിച്ചു കൊണ്ടും പരിഹരിക്കാൻ കഴിയില്ല.
അവരുടെ കുടുംബം, സാമൂഹിക സാഹചര്യം, സാമ്പത്തീകാവസ്ഥ, സാമൂഹിക ബന്ധം, വിജ്ഞാന വിനോദോപാധികൾ, മെഡിക്കൽ സഹായം, സാമ്പത്തീക സുരക്ഷിതത്തം എന്നിങ്ങനെ സമഗ്രമായ കാഴ്ചപ്പാടോടെ ഈ വിഷയത്തെ സമീപിക്കണം. കൃത്യമായ ഒരു ഭിന്നശേഷി നയം സർക്കാർ തലത്തിൽ രൂപീകരിച്ച് നടപ്പിലാക്കണം.
കടുത്ത മാനസീക വ്യഥകളിലൂടെ കടന്നുപോകുന്ന ആ കുടുംബങ്ങളിൽ ,ഈ ലോകം , ഈ നാട് ജീവിത യോഗ്യമാണ് എന്ന ആത്മവിശ്വാസമുണർത്താൻ കഴിയണം.ഭിന്നശേഷി സൗഹൃദമെന്നത് ഏതാനും വീൽചെയറും, റാമ്പുകളുമല്ലെന്നും അതൊരു കാഴ്ചപ്പാടും, ജീവിതചര്യയുമാണെന്നും പൊതു സമൂഹത്തിനു കൂടി ബോധ്യം വരണം. വൈകിയാണെങ്കിലും അത്തരമൊരു ബോധ്യത്തിലേക്ക് സമൂഹം ഉണരുക തന്നെയാണ്. തീർച്ചയായും പ്രത്യശാനിർഭരമാണ് ഭാവികാലം !
ജി രവി
25/07/2023