ഗൂഗിൾ എർത്തിന് കരുത്തേകാൻ ജെമിനിയെത്തുന്നു; പ്രകൃതി ദുരന്ത മുന്നറിയിപ്പുകൾ ഇനി ശരവേഗത്തിൽ
ജെമിനി എഐ മോഡലുകൾ ഗൂഗിൾ എർത്തിൽ സംയോജിപ്പിച്ച് കൃത്യമായ ഫലം ലഭ്യമാക്കാനുള്ള ഒരുക്കത്തിലാണ് ഗൂഗിൾ.
ഗൂഗിൾ എർത്ത് കൂടുതൽ മികവുറ്റതായി ജനങ്ങളിലേക്ക്. വെള്ളപ്പൊക്കം, കാട്ടുതീ, വരൾച്ച തുടങ്ങിയ പ്രകൃതി ദുരന്തങ്ങൾ മനസിലാക്കി കൃത്യമായ മുന്നറിയിപ്പുകൾ നൽകുന്നതിനായി ജെമിനി എഐ മോഡലുകൾ ഗൂഗിൾ എർത്തിൽ സംയോജിപ്പിച്ച് കൃത്യമായ ഫലം ലഭ്യമാക്കാനുള്ള ഒരുക്കത്തിലാണ് ഗൂഗിൾ.
ജെമിനി എഐയും ഗൂഗിൾ എർത്തും സംയോജിപ്പിക്കുന്ന തിലൂടെ ദുരന്ത പ്രതികരണ ആസൂത്രണം കാര്യക്ഷമമായും വേഗത്തിലും നടത്താനാകും. ഈ രംഗത്ത് എ ഐ യെ ഉപയോഗപ്പെടുത്തുന്നതിലൂടെ വർഷങ്ങൾ നീണ്ടുനിന്ന സങ്കീർണ്ണമായ വിശകലനങ്ങൾ ഇപ്പോൾ നിമിഷ നേരങ്ങൾ ക്കുള്ളിൽ പൂർത്തിയാക്കാൻ സാധിക്കും. ഉപഗ്രഹ ചിത്രങ്ങൾ, കാലാവസ്ഥാ വിവരങ്ങൾ, ജനസംഖ്യാ ഭൂപടങ്ങൾ എന്നിവ ഒരുമിച്ച് ചേർത്ത് ഭൂമിയിലെ മാറ്റങ്ങൾ തത്സമയം നിരീക്ഷിക്കാൻ ഇത് ഗവേഷകരെയും സാധാരണ ക്കാരെയും സഹായിക്കും.
മാത്രമല്ല രക്ഷാപ്രവർത്തനം നടത്തുന്നവരെ അടിയന്തര ഘട്ടങ്ങളിൽ എ ഐ യുടെ നിർദേശങ്ങൾക്കനുസരിച്ച് ഫലപ്രദമായി സഹായിക്കുകയും ചെയ്യും. അതേസമയം പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിനുള്ള സ്വന്തം പരിഹാരങ്ങൾ നിർമ്മിക്കാൻ ഡെവലപ്പർമാർക്കും വിശകലന വിദഗ്ധർക്കും ഗൂഗിൾ എർത്ത് പ്രൊഫഷണലിലും ഗൂഗിൾ ക്ലൗഡിലും ഈ എഐ സംവിധാനം ഉപയോഗിക്കാനാകും.
നിലവിൽ ഗൂഗിളിന്റെ വെള്ളപ്പൊക്ക പ്രവചന സംവിധാനം രണ്ട് ബില്യണിലധികം ആളുകളിലേക്ക് എത്തുന്നുണ്ടെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഗൂഗിൾ എർത്തിൽ സംയോജിപ്പിച്ച ജെമിനി എഐയുടെ പ്രധാന സവിശേഷത യാണ് ജിയോസ്പേഷ്യൽ റീസണിംഗ് (Geospatial Reasoning) ഫീച്ചർ. ജനസംഖ്യാ കണക്കുകൾ, കാലാവസ്ഥ, ഉപഗ്രഹ ഇമേജറി എന്നിങ്ങനെ വിവിധ ഡാറ്റാ സ്രോതസ്സുകൾ സംയോജിപ്പിച്ചു കൊണ്ട് സമഗ്രമായ വിശകലനം നടത്താൻ സാധിക്കുന്ന ഫീച്ചറാണിത്.
അതായത് വെള്ളപ്പൊക്കം, കൊടുങ്കാറ്റ് തുടങ്ങിയവയെല്ലാം ഏറ്റവും കൂടുതൽ ബാധിക്കാൻ സാധ്യതയുള്ള പ്രദേശങ്ങൾ ഏതൊക്കെയെന്ന് കൃത്യമായി നിർണയിക്കാൻ ഈ ഫീച്ചർ സഹായകമാകും. കൂടാതെ ദുരിതാശ്വാസ പ്രവർത്തനങ്ങളും സഹായ വിതരണവും ആദ്യം എവിടെ തുടങ്ങണം എന്ന് നിശ്ചയിക്കാൻ ദുരിതാശ്വാസ ഏജൻസികളെയും രക്ഷാ പ്രവർത്തകരെയും ഇത് സഹായിക്കും.

