കുറ്റിപ്പുറത്തെ ഹോട്ടലിൽ ജീവനക്കാരും ഉപഭോക്താക്കളും തമ്മിൽ സംഘർഷം.
സംഭവത്തിൽ നിരവധി പേർക്ക് പരുക്കേറ്റു
മലപ്പുറം :കുറ്റിപ്പുറത്തെ "ചോറും മീനും" ഹോട്ടലിൽ ജീവനക്കാരും ഉപഭോക്താക്കളും തമ്മിൽ സംഘർഷം.കുറ്റിപ്പുറത്തെ ഹോട്ടലിൽ ജീവനക്കാരും ഉപഭോക്താക്കളും തമ്മിൽ സംഘർഷം. സംഭവത്തിൽ നിരവധി പേർക്ക് പരുക്കേറ്റതായാണ് വിവരം.മീനിന് പറഞ്ഞതിലും കൂടുതൽ വില ഈടാക്കിയതിനെച്ചൊല്ലിയുണ്ടായ തർക്കമാണ് സംഘർഷത്തിലേക്ക് നീങ്ങിയതെന്നാണ് റിപ്പോർട്ട്. ജീവനക്കാരും ഉപഭോക്താക്കളുമടങ്ങുന്ന സംഘം കൂട്ടത്തോടെ ഏറ്റുമുട്ടുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.സംഘർഷത്തിനിടെ സ്ത്രീകളും കുട്ടികളും ഭയന്ന് നിലവിളിച്ച് ഓടുന്നതിന്റെയും കസേരകളും മേശകളും തകരുന്നതിന്റെയും ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
കുറ്റിപ്പുറം–തിരൂർ റോഡിൽ പ്രവർത്തിക്കുന്ന ഹോട്ടൽ മീൻ ഉൾപ്പെടെയുള്ള തീരദേശ വിഭവങ്ങൾക്ക് പേരുകേട്ടതാണ്. മീൻ വിഭവങ്ങളുടെ വിലയെക്കുറിച്ച് നേരത്തെയും വിമർശനങ്ങൾ ഉയർന്നിട്ടുണ്ടെന്നാണ് വിവരം.ഭക്ഷണം കഴിക്കാനെത്തിയ ചില മദ്യപിച്ചവരാണ് പ്രശ്നത്തിന് തുടക്കമിട്ടതെന്നാണ് ഹോട്ടൽ മാനേജ്മെന്റിന്റെ വിശദീകരണം. എന്നാൽ സംഭവവുമായി ബന്ധപ്പെട്ട് വിവിധ തരത്തിലുള്ള പ്രതികരണങ്ങളും സമൂഹമാധ്യമങ്ങളിൽ ഉയരുന്നുണ്ട്.
ഹോട്ടലുകളിൽ ഭക്ഷണത്തിന്റെ വില സംബന്ധിച്ച തർക്കങ്ങൾ ഒഴിവാക്കാൻ വിലവിവരപ്പട്ടിക വ്യക്തമായി പ്രദർശിപ്പിക്കണമെന്ന അഭിപ്രായമാണ് ഇപ്പോൾ സജീവമാകുന്നത്. പ്രത്യേകിച്ച് മീൻ വിഭവങ്ങൾക്ക് ഓർഡർ നൽകുന്നതിന് മുമ്പ് വില ഉപഭോക്താക്കൾക്ക് വ്യക്തമായി മനസ്സിലാക്കാൻ കഴിയുന്ന രീതിയിൽ വിലവിവരപ്പട്ടിക ഉണ്ടായിരിക്കണമെന്നാണ് ആവശ്യം.യഥാർഥത്തിൽ എന്താണ് സംഭവിച്ചതെന്നത് സംബന്ധിച്ച് കൂടുതൽ വ്യക്തത വരുത്തേണ്ടതുണ്ട്.

