വെള്ളപ്പൊക്കം ഒഴിവാക്കാൻ കേരളത്തിലെ നദികളുടെ ആഴം കൂട്ടണം : ഉപരാഷ്ട്രപതി
ആലപ്പുഴയിൽ ഒരു ചടങ്ങിൽ സംസാരിക്കവെയാണ് ഉപരാഷ്ട്രപതി ഇക്കാര്യം പറഞ്ഞത്. ആദിശങ്കരനും ശ്രീനാരായണഗുരുവും മന്നത്ത് പത്മനാഭനു ആണ് കേരളത്തിന്റെ ഏറ്റവും വലിയ സംഭാവനകൾ എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു
ആലപ്പുഴ: കേരളത്തില്‍ വെള്ളപ്പൊക്കം ഒഴിവാക്കാന്‍ നദികളുടെ ആഴം കൂട്ടണമെന്ന് ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണന്‍ പറഞ്ഞു. നമ്മള്‍ പരിസ്ഥിതി ഭ്രാന്തന്മാര്‍ ആകാന്‍ പാടില്ലെന്നും പരിസ്ഥിതി സംരക്ഷണത്തിനൊപ്പം വികസനവും ഉറപ്പുവരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആലപ്പുഴയില്‍ നടന്ന പരിപാടിയിലാണ് ഉപരാഷ്ട്രപതിയുടെ പ്രതികരണം.
കേരളത്തിലെ നഗരങ്ങളില്‍ വെള്ളപ്പൊക്കം പതിവാകുകയാണ്. നദികളിലെ ജലസംഭരണ ശേഷി കുറയുന്നതാണ് ഇതിന് കാരണം. കൃത്യമായ ഇടവേളകളില്‍ കേരളത്തിലെ നദികളില്‍ മണല്‍ നീക്കം നടക്കുന്നില്ല. നമ്മുടെ കണക്കുകൂട്ടലുകള്‍ക്ക് അപ്പുറത്തെ മഴയാണ് ഇപ്പോള്‍ പെയ്യുന്നത്. നദികളിലെ ആഴം കൂട്ടിയില്ലെങ്കില്‍ വെള്ളം എങ്ങോട്ട് ഒഴുകിപ്പോകും? നദികളുടെ ആഴം കൂട്ടേണ്ട എന്ന് വാദിക്കുന്നവരോട് വെള്ളം എങ്ങോട്ട് ഒഴുകിപ്പോകും എന്ന് ചോദിക്കണം. കോടതികളാണ് തടസമെങ്കില്‍ കോടതികളെ കാര്യം ബോധ്യപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.
ആദിശങ്കരനും ശ്രീനാരായണഗുരുവും മന്നത്ത് പത്മനാഭനും ആണ് കേരളത്തിന്റെ ഏറ്റവും വലിയ സംഭാവനകളെന്നും ഉപരാഷ്ട്രപതി കൂട്ടിച്ചേര്‍ത്തു. ആദിശങ്കരന്‍ ഇല്ലായിരുന്നെങ്കില്‍ ഇന്നത്തെ ഐക്യ ഇന്ത്യ ഉണ്ടാകുമായിരുന്നില്ല. ശ്രീനാരായണഗുരു ഇല്ലായിരുന്നെങ്കില്‍ നമുക്കിടയില്‍ സമത്വം ഉണ്ടാകുമായിരുന്നില്ലെന്നും എല്ലാവര്‍ക്കും വിദ്യാഭ്യാസം ലഭിക്കണം എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിച്ച ആളാണ് മന്നത്ത് പത്മനാഭന്‍ എന്നും സി പി രാധാകൃഷ്ണന്‍ പ്രസംഗത്തില്‍ പറഞ്ഞു.

