ട്രാഫിക് പിഴ ചലാൻ അടക്കാത്തവർക്കെതിരെ കർശന നടപടിയുമായി സുപ്രീം കോടതി
ചലാൻ കുടിശ്ശികയുള്ള വാഹനങ്ങൾക്ക് കൈമാറ്റം ചെയ്യൽ, പുക പരിശോധന, ഫിറ്റ്നസ് പുതുക്കൽ തുടങ്ങിയ സേവനങ്ങൾ അനുവദിക്കില്ല. ബ്ലാക്ക് ലിസ്റ്റിൽ ആക്കുന്നതാണ്.
ഡൽഹി: ട്രാഫിക് പിഴ അടയ്ക്കാത്ത വാഹന ഉടമകൾക്കെതിരെ കർശന നടപടിയുമായി സുപ്രീം കോടതി. രാജ്യത്തുടനീളം ഇ-ചെല്ലാൻ വഴിയുള്ള ട്രാഫിക് പിഴ കുടിശ്ശിക 49,194.05 കോടി രൂപയായി ഉയർന്ന സാഹചര്യത്തിലാണ് കടുത്ത നടപടികൾക്ക് സുപ്രീം കോടതി നിർദേശം നൽകിയിരിക്കുന്നത്. ഇ-ചെല്ലാൻ തുക അടക്കാത്ത വാഹന ഉടമകൾക്കെതിരെ നിരത്തുകളിൽ അപ്രതീക്ഷിത പരിശോധന ഉണ്ടാകുമെന്നും, പിഴത്തുക അടയ്ക്കാത്ത വാഹനങ്ങൾ പിടിച്ചെടുക്കുമെന്നും കോടതി ഉത്തരവിട്ടു. ജസ്റ്റിസ് ജെ.ബി. പർദിവാല, ജസ്റ്റിസ് കെ.വി. വിശ്വനാഥൻ തുടങ്ങിയവരുൾപ്പെട്ട ബഞ്ചിന്റേതാണ് നിർണായക വിധി.പിഴ ഒടുക്കാത്ത വാഹന ഉടമകൾക്ക് നൽകുന്ന വിവിധ മോട്ടോർ വാഹന സേവനങ്ങൾ നിർത്തിവെക്കാൻ എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും സുപ്രീം കോടതി നിർദ്ദേശം നൽകി. വാഹനം വിൽക്കാനോ ഉടമസ്ഥാവകാശം കൈമാറാനോ സാധിക്കാത്ത വിധം ‘പരിവാഹൻ’ പോർട്ടലിൽ ഇത്തരം വാഹനങ്ങളെ ബ്ലാക്ക്‌ലിസ്റ്റ് ചെയ്യും. കൂടാതെ, കുടിശ്ശിക തീർപ്പാക്കാതെ വാഹനങ്ങളുടെ രജിസ്ട്രേഷൻ പുതുക്കൽ, ഡ്യൂപ്ലിക്കേറ്റ് ആർ.സി, ഫിറ്റ്നസ് സർട്ടിഫിക്കറ്റ്, മലിനീകരണ നിയന്ത്രണ സർട്ടിഫിക്കറ്റ് എന്നിവ നൽകരുതെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.
. ഇ-ചെല്ലാനുകൾ അയച്ചാൽ മാത്രം പോരെന്നും, വാഹന ഉടമകൾ കൃത്യമായി പിഴ അടയ്ക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ അധികാരികൾക്ക് കഴിയുകയും വേണമെന്നും കോടതി നിരീക്ഷച്ചു. 49,194.05 കോടി രൂപ പിഴയിനത്തിൽ കുടിശ്ശിക കിടക്കുന്നത് നിസാരമല്ലെന്നും കോടതി വ്യക്തമാക്കി. ഗുരുതര നിയമലംഘനം നടത്തുന്നവരുടെ ഡ്രൈവിംഗ് ലൈസൻസ് പുതുക്കുന്നത് തടയുന്നതുൾപ്പെടെയുള്ള കർശന നടപടികളിലേക്ക് കടക്കണമെന്നും സംസ്ഥാനങ്ങൾക്ക് കോടതി നിർദേശം നൽകി.

