ഇഷ്ടമുള്ള വസ്ത്രം ധരിക്കുന്നത് മൗലികാവകാശമാണെന്ന് ഹൈക്കോടതി
ചുരിദാർ ധരിച്ച് സ്കൂളിൽ എത്തിയ അധ്യാപികയെ തടഞ്ഞ തിനെതിരെ അധ്യാപിക നൽകിയ പരാതിയിലാണ് ഹൈക്കോടതി നിരീക്ഷണം
കൊച്ചി:വസ്ത്രധാരണവുമായി ബന്ധപ്പെട്ട് കൊട്ടാരക്കര ഈശ്വരവിലാസം ഹൈസ്‌കൂളിലെ അധ്യാപിക നൽകിയ ഹർജി പരിഗണിക്കുന്നതിനിടെ നിർണ്ണായക നിരീക്ഷണവുമായി ഹൈക്കോടതി. നിയമത്തിന്റെ പിന്‍ബലമില്ലാതെ ഒരാള്‍ പ്രത്യേക വസ്ത്രം ധരിക്കണമെന്നോ, ധരിക്കരുതെന്നോ നിര്‍ദേശം നല്‍കാന്‍ വ്യക്തിക്കോ സമൂഹത്തിനോ അധികാരമില്ലെന്നായിരുന്നു കോടതി നിരീക്ഷിച്ചത്. ഏത് വസ്ത്രം ധരിക്കണമെന്നത് പൗരന്‍മാരുടെ വ്യക്തിപരമായ തീരുമാനമാണെന്നും, ഇഷ്ടമുള്ള വസ്ത്രം ധരിക്കുകയെന്നത് മൗലികാവകാശത്തിന്റെ ഭാഗമാണ് എന്നും ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണന്‍ വ്യക്തമാക്കി.
. ചുരിദാര്‍ ധരിച്ച് സ്‌കൂളില്‍ വരുന്നത് വിലക്കിയ സ്‌കൂള്‍ മാനേജരുടെ നടപടി ചോദ്യം ചെയ്ത് കൊട്ടാരക്കര ഈശ്വരവിലാസം ഹൈസ്‌കൂള്‍ അധ്യാപിക സിന്ധു എസ്. നായര്‍ നല്‍കിയ ഹരജിയിലാണ് കോടതിയുടെ നിരീക്ഷണം. ചുരിദാര്‍ ധരിച്ചെത്തിയതിന് തന്നെ സ്‌കൂള്‍ മാനേജരുടെ നിര്‍ദേശ പ്രകാരം ഗേറ്റില്‍ തടഞ്ഞെന്നും, പോലീസ് സംരക്ഷണം വേണമെന്നുമായിരുന്നു ഹർജിക്കാരിയുടെ ആവശ്യം. പിന്നാലെ ഹരജിക്കാരിയെ മാനേജര്‍ തടസ്സപ്പെടുത്തിയാല്‍ മതിയായ സംരക്ഷണം നല്‍കാന്‍ കൊട്ടാരക്കര എസ്എച്ച്ഒയ്ക്ക് കോടതി നിര്‍ദേശം നല്‍കി. മാനേജരെ അയോഗ്യനാക്കണമെന്ന ആവശ്യത്തില്‍ മതിയായ കാരണങ്ങള്‍ ഉണ്ടെങ്കില്‍ ബന്ധപ്പെട്ട അധികൃതര്‍ക്ക് തീരുമാനമെടുക്കാമെന്നും കോടതി പറഞ്ഞു. വിദ്യാഭ്യാസ വകുപ്പിന്റെ അന്വേഷണം നടക്കുന്നതിനാല്‍ ഇക്കാര്യത്തില്‍ നിരീക്ഷണം ഒഴിവാക്കുകയാണെന്നും വ്യക്തമാക്കി.
. സ്കൂളുകളിൽ അധ്യാപകർക്ക് ചുരിദാര്‍ ധരിക്കാന്‍ അനുമതിയുണ്ടെന്നും, പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിന്റെ സര്‍ക്കുലറിൽ ഇക്കാര്യം വ്യക്തമാണെന്നും കോടതി നിരീക്ഷിച്ചു. ചുരിദാറിനുപകരം സാരി ധരിച്ചെത്തണമെന്നു മാനേജര്‍ ആവശ്യപ്പെട്ടതയാണ് ഹരജിക്കാരി വാദിച്ചത്. അതേസമയം ഈ വാദം തെറ്റാണെന്നും ജോലിയിലെ വീഴ്ച മറയ്ക്കാന്‍ തെറ്റായ ആരോപണം ഉന്നയിച്ചതാണെന്നുമായിരുന്നു മാനേജരുടെ വാദം.
. കഴിഞ്ഞ ഫെബ്രുവരി 3നാണ് സ്‌കൂളില്‍ ചുരിദാര്‍ ധരിച്ചെത്തിയ പ്രധാനാധ്യാപികയെ സ്കൂൾ മാനേജർ സാരിയുടുത്ത് വരണമെന്ന് ഭീഷണിപ്പെടുത്തി ഗേറ്റില്‍ തടഞ്ഞത്. പിന്നാലെ അധ്യാപിക ഗേറ്റിനു മുന്നില്‍ പ്രതിഷേധിച്ചിരുന്നു. സംഭവം വിവാദമായതോടെ അധ്യാപികയുടെ പരാതിയില്‍ സുരക്ഷാ ഉദ്യോഗസ്ഥനെതിരെ കേസുടുക്കുകയും പിന്നാലെ മാനേജ്‌മെന്റ് ഇയാളെ സ്‌കൂളില്‍ നിന്നു പിരിച്ചുവിടുകയും ചെയ്തിരുന്നു. സ്‌കൂള്‍ മാനേജരുടെ നിര്‍ദേശ പ്രകാരമാണ് അധ്യാപികയെ തടഞ്ഞതെന്നാണ് മുൻ സുരക്ഷാ ജീവനക്കാരന്റെ വാദം

